2023 വർഷത്തെ പെന്‍ഷന്‍ മസ്റ്ററിംഗ്: ഏപ്രിൽ 01 മുതൽ ജൂൺ 30 വരെ

 പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.

ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്.

എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?

മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴി ചെയ്യാവുന്നതാണ്.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ?

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ, തദ്ദേശ ഭരണ സ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?

ഇല്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.

ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസറില്‍ നിന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തില്‍ നല്‍കണം.


മസ്റ്ററിംഗ് നടത്തി കഴിഞ്ഞാല്‍ അക്ഷയയില്‍ നിന്നും ലഭിക്കുന്ന രസീത് തദ്ദേശസ്ഥാപനത്തില്‍ നല്‍കേണ്ടതുണ്ടോ?

വേണ്ട. മസ്റ്ററിംഗ് അക്ഷയയില്‍ മാത്രമാണ്. അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശസ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്. ഗുണഭോക്താവ് മാനുവലായി യാതൊന്നും നല്‍കേണ്ടതില്ല.

ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ്​ നടത്തുന്നതാണ് 

അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യാൻ 50 രൂപയും ഫീസായി നൽകണം.


നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാൽ അവർക്ക് മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതിയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.


Newest